കൊച്ചി: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മൂന്നു പേർ പിടിയിൽ. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി വീട്ടിൽ ജഗദീഷ് (48), മലയക്കീഴ് ഒളിക്കമാലി വീട്ടിൽ രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് വീട്ടിൽ രാജേഷ് വിജയൻ (46) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ 20ന് പെരുമ്പാവൂർ എഎം റോഡിലുള്ള ഫെഡറൽ ബാങ്കിന്റെ ശാഖയിൽ രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവർ 73.2 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങൾ പണയം വച്ച് ലോണായി 6,36000 രൂപ കൈപ്പറ്റിയ കേസിലാണ് അറസ്റ്റ്.
ഇതേ ബാങ്കിലെ അപ്രൈസറായ ജഗദീഷ് മുക്കുപണ്ടം പരിശോധിച്ച് സ്വർണമാണെന്ന് സർട്ടിഫൈ ചെയ്ത് ബാങ്കിനെ കബളിപ്പിക്കുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.